സി.എം.ഐ. സഭ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചവര്‍ -മുഖ്യമന്ത്രി

സമുദായത്തോടൊപ്പം സമൂഹത്തിനോടും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചവരാണ് സി.എം.ഐ. സഭയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആധ്യാത്മിക രംഗത്ത് കഴിവ് തെളിയിച്ച അനേകം പേരെ സംഭാവനചെയ്യാന്‍ ഈ സഭയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാവറട്ടി സെന്റ് തോമസ് ആശ്രമ ദേവാലയത്തിന്റെ ശതോത്തര രജതജൂബിലി സമാപനവും ജൂബിലി സ്മാരകമായ സി.ബി.എസ്.ഇ. സ്‌കൂള്‍ കെട്ടിടവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങില്‍ കര്‍മ്മലീത്ത സീറോ മലബാര്‍ പ്രിയോര്‍ ജനറല്‍ ഫാ. പോള്‍ അച്ചാണ്ടി ആധ്യക്ഷ്യം വഹിച്ചു. പി.എ. മാധവന്‍ എം.എല്‍.എ. സ്മരണികയുടെ പ്രകാശനം നിര്‍വ്വഹിച്ചു. ആശ്രമ ദേവാലയത്തില്‍ നടന്ന ജൂബിലി ആഘോഷങ്ങളുടെ കൃതജ്ഞതാബലിക്ക് തൃശ്ശൂര്‍ ദേവമാത പ്രൊവിന്‍ഷ്യാല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി കാര്‍മ്മികനായി. സ്‌കൂള്‍ കെട്ടിടം കര്‍മ്മലീത്ത സീറോ മലബാര്‍ പ്രിയോര്‍ ജനറല്‍ ഫാ. പോള്‍ അച്ചാണ്ടി ആശീര്‍വദിച്ചു. പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, ആശ്രമ ദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട്, ഫാ. വില്‍സണ്‍ മൊയലന്‍, പഞ്ചായത്ത് പ്രസിഡന്റ് വിമല സേതുമാധവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ടി. ആന്റോ, വാര്‍ഡംഗം ഫ്രാന്‍സിസ് പുത്തൂര്‍, പാവറട്ടി സെന്റ് ജോസഫ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സിബി കാഞ്ഞിത്തറ, പബ്ലൂസിറ്റി ചെയര്‍മാന്‍ ഫാ. ജോഷി കാഞ്ഞൂക്കാടന്‍, കോ-ഓര്‍ഡിനേറ്റര്‍ വി.എസ്. സെബി എന്നിവര്‍ പ്രസംഗിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദൃശ്യകലാവിരുന്ന് നടന്നു. അതിരൂപത വേദപാഠ വിദ്യാര്‍ഥികള്‍ക്കായി സാഹിത്യോത്സവം, ചാവറ ഫെസ്റ്റ്, ഫുട്‌ബോള്‍ മത്സരം എന്നിവ നടത്തിയിരുന്നു. കൂടാതെ ദേവാലയ മദ്ബഹ നവീകരണവും രണ്ടുപേര്‍ക്ക് സൗജന്യമായി വീട് നിര്‍മ്മിച്ച് നല്‍കല്‍ എന്നിവയും നടന്നു.

Comments

Post a Comment